കല്‍പ്പറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വ്യാജമദ്യം, മയക്കുമരുന്ന്, സ്പിരിറ്റ്, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവ വന്‍തോതില്‍ കടത്തുന്നത് തടയുന്നതിനായി കേരള, കര്‍ണാടക സംസ്ഥാന ഉദ്യോഗസ്ഥരുടെ ഉന്നതതല സംയുക്ത യോഗം ചേര്‍ന്നു.
മുത്തങ്ങ ഫോറസ്റ്റ് ഇന്സ്പെക്ഷന് ബംഗ്ലാവില്‍ ചേര്‍ന്ന യോഗത്തില്‍ വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക ചാമരാജ് നഗര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി. ചന്ദ്ര മുഖ്യാതിഥിയായിരുന്നു. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആര്.എന്‍. ബൈജു, ചാമരാജ് നഗര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് കെ.ടി. വിജയകുമാര്‍, ചാമരാജ് നഗര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ഉമാ ശങ്കരാ, എം. ദീപു, സി.എം. മഹാദേവ, ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എസ്. സുമേഷ്, ബത്തേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി. വൈശാഖ്, മുത്തങ്ങ സീനിയര്‍ ഫോറസ്റ്റ് ഓഫിസര്‍ വി.എസ്. വിനീഷ് തുടങ്ങിയ ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഓണക്കാലത്തെ ലഹരിക്കടത്ത് പൂര്‍ണമായും തടയുക എന്ന ലക്ഷ്യത്തോടെ വിപുലമായ കര്‍മപദ്ധതികള്‍ക്കാണ് യോഗം രൂപം നല്‍കിയത്. തുടര്‍ന്ന് വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ കര്‍ണാടക എക്സൈസ് ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സംയുക്ത വാഹന പരിശോധനയും നടത്തി.